എനിക്കിനി ആസക്തി
മരുഭൂമികളോടാണ്
അവിടെ വെച്ചാണ്
എന്റെ വേരുകൾ കാതങ്ങളോളം
ജലരാശി തേടി വേദനയോടെ
മണ്ണിന്റെ സിരകളിലേക്കിറങ്ങിയതും
പൊതിഞ്ഞു കാക്കാൻ ഈറൻ മണ്ണില്ലെങ്കിലും
മുളച്ചു പൊന്തുമെന്നു ഞാനറിഞ്ഞതും
കള്ളിമുൾച്ചെടി ദേഹത്തേൽപ്പിച്ച
മുറിവുകളാണെന്നെ ചിത്രകാരിയാക്കിയത്
തുള്ളി രക്തത്തിൽ വിരൽ ത്തുമ്പ് മുക്കി
തീമണലിലാണ് ഞാനെന്റെ
ആദ്യ ചിത്രം വരച്ചത്
തനിച്ചു തനിച്ചിരുന്നപ്പോഴാണ്
പ്രണയം പൂക്കുന്ന ഭാവങ്ങളുമായി
സ്വപ്നത്തിൽ ഒരു സ്വർഗ്ഗം ജനിച്ചത്
മുൾച്ചെടികളെ വിറപ്പിച്ച ചുടുകാറ്റ്
ആഞ്ഞടിച്ചപ്പോൾ എന്റെ മൗനം
കറുത്ത് കനത്തു
അവിടെ പെയ്തൊഴിയാനാവില്ലെന്നു
ബോധ്യമായപ്പോൾ എനിക്ക്
സംഗീതമുള്ള
ചിറകുകൾ മുളച്ചു .
ആകയാൽ
ഇനി പുഴകളും കടലുകളും ആകാശവുമല്ല
നോക്കെത്താത്ത മരുപറന്പിലെ
മരുപ്പച്ച തേടിയാണെന്റെ യാത്ര
അവിടെ ഇരുട്ട് പങ്കു വെക്കട്ടെ
വെളിച്ചം പറയാത്ത കഥകൾ !
Originally published in Bindu’s poetry anthology, “Rasamaattam” from Basho Books.